കേരളത്തിന്റെ
സാംസ്ക്കാരിക-സാമൂഹിക-പൊതു
ഇടങ്ങളില്‍ വലിയൊരു ശൂന്യത സൃഷ്ടിച്ചുകൊണ്ട്
ഡോ. സുകുമാര്‍
അഴീക്കോട് (85) യാത്രയായി. അര്ബുദ രോഗബാധിതനായി
തൃശൂര്‍ അമല
ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഴീക്കോട് ചൊവ്വാഴ്ച രാവിലെ
ആറരയോടെയാണ് അന്തരിച്ചത്. എഴുത്തുകാരന്
സാഹിത്യവിമര്‍ശകന്‍, വാഗ്മി, അദ്ധ്യാപകന്‍,
പത്രപ്രവര്ത്തകന്‍, ഗാന്ധിയന്‍, എന്നീ നിലകളില്‍
പ്രശസ്തനായിരുന്നു.
അവിവാഹിതനായ
അഴീക്കോട് തൃശൂരിലെ എരവിമംഗലത്തെ വീട്ടിലായിരുന്നു താമസം. കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കലില്‍ വിദ്വാന്
പി ദാമോദരന്റെയും
കെ ടി
മാധവിയമ്മയുടെയും മകനായി 1926ല്‍
ജനിച്ചു. എം. എ. മലയാളം, സംസ്കൃതം. ബി
കോം, ബി.ടി, പി.
എച്ച്. ഡി
ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. ബുധനാഴ്ച്ച
രാവിലെ 11 ന് കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്ഥാന
ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. സംസ്കാരസ്ഥലം സംബന്ധിച്ച
ചില ഭിന്നാഭിപ്രായങ്ങള്‍
ഉണ്ടായെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് ഇത് പരിഹരിക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകളെ
തുടര്‍ന്ന്
ഡിസംബര്‍ ഏഴിനാണ് അഴീക്കോടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്ന്നുള്ള
പരിശോധനനയില്‍ മോണയിലെ അര്ബുദബാധ ഗുരുതരമായതായി
കണ്ടെത്തി. നേരത്തെ രോഗം കണ്ടെത്തിയെങ്കിലും പ്രഭാഷണങ്ങളിലും എഴുത്തിലും
സജീവമായിരുന്നു അദ്ദേഹം. ആശുപത്രിയില്‍
പ്രവേശിച്ചതിന്റെ തലേദിവസവും തൃശൂരിലെ
ഒരു പരിപാടിയില്‍
അദ്ദേഹം പ്രസംഗിച്ചിരുന്നു.
അഴീക്കോടിന്റെ വിമര്‍ശനങ്ങളില്‍ പിണങ്ങിനിന്ന നിരവധിപേര്‍
അസുഖബാധിതനായി ആശുപത്രിയില്‍ കിടന്ന അദ്ദേഹത്തെ കാണാന്‍
എത്തിയിരുന്നു. ഏറ്റവും ഒടുവില്‍ മലയാളികളുടെ പ്രിയനടന്
മോഹന്‍ലാലും
പിണക്കം മാറ്റിവെച്ച്
അഴീക്കോടിനെ സന്ദര്ശിച്ചിരുന്നു.
അഴീക്കോട്
സൗത്ത് ഹയര്‍
എലിമെന്ററി സ്കൂള്‍ , ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍
എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം.
ഇന്റര്മീഡിയറ്റ്
പാസായശേഷം, മദിരാശി സര്വകലാശാലയില്നിന്ന്
1946ല്‍ ബികോം
പാസായി. 1946ല്‍ വാര്‍ധയിലെത്തി ഗാന്ധിജിയെ
കണ്ടു. ചിറക്കല്‍
രാജാസ് ഹൈസ്കൂളില്‍
അധ്യാപകനായാണ് ഔദ്യോഗികജീവിതത്തിന്റെ തുടക്കം.
1952ല്‍ കോഴിക്കോട്
ഗവ. ട്രെയിനിങ്
കോളേജില്നിന്ന് ബിഎഡ് ബിരുദമെടുത്തു. പിന്നീട് മദ്രാസ് സര്വകലാശാലയില്നിന്ന് ബിഎ
മലയാളം, സംസ്കൃതം
ഡബിള്‍ മെയിനുമെടുത്ത്
പാസായി.
1953ല്‍ മംഗലാപുരം സെന്റ്അലോഷ്യസ്
കോളേജില്‍ മലയാളം സംസ്കൃതം ലക്ചററായി. മദ്രാസ്
സര്വകലാശാലയില്നിന്ന് എംഎ
മലയാളം ഒന്നാം
റാങ്കോടെ പാസായി. പിന്നീട് കോഴിക്കോട് ദേവഗിരി
കോളേജില്‍ മലയാളം ലക്ചററായി. 1962ല്‍ തൃശൂര്‍
മൂത്തകുന്നം ട്രെയ്നിങ് കോളേജ് പ്രിന്സിപ്പലായി.
1981ല്‍ മലയാളസാഹിത്യവിമര്‍ശനത്തിലെ വൈദേശികപ്രഭാവം
എന്ന വിഷയത്തില്‍
കേരള സര്വകലാശാലയില്നിന്ന്
ഡോക്ടറേറ്റ് നേടി. 1986 ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷം
തൃശൂരിലേക്ക് താമസം മാറ്റി.
പതിനെട്ടാം
വയസ്സിലാണ് ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. 1954ല്‍ ആദ്യകൃതി
'ആശാന്റെ സീതാകാവ്യം' പ്രസിദ്ധീകരിച്ചു.
'രമണനും മലയാള
കവിതയും' 1956ല്‍ പ്രസിദ്ധീകരിച്ചു. പിന്നീട് 'പുരോഗമനസാഹിത്യവും
മറ്റും', 'മഹാത്മാവിന്റെ മാര്ഗം' എന്നിവയ്ക്കുശേഷം
1963ല്‍ പുറത്തിറങ്ങിയ
'ശങ്കരക്കുറുപ്പ് വിമര്ശിക്കപ്പെടുന്നു'
എന്ന കൃതി
മലയാളസാഹിത്യലോകത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ചു.
ഭാരതീയ തത്വചിന്തയുടെ
അമൃതായ ഉപനിഷത്തിന്റെ
സന്ദേശം സമകാലിക
ലോകബോധത്തോടെ എഴുതിയ 'തത്വമസി'
(1984) എക്കാലത്തെയും മികച്ച ഗ്രന്ഥമായി.
കേന്ദ്രസാഹിത്യ അക്കാദമി അവാര്ഡടക്കം പതിനഞ്ചോളം
പുരസ്കാരങ്ങള് ഈ ഗ്രന്ഥത്തിന് ലഭിച്ചു.
ഏറെവൈകി ഈവര്ഷമാണ്
ജീവചരിത്രം എഴുതിയത്. കേരള സാഹിത്യ അക്കാദമി
അവാര്ഡ്,
വയലാര്‍ അവാര്ഡ്, എഴുത്തച്ഛന്
പുരസ്കാരം, ലളിതാംബിക അന്തര്ജനം അവാര്ഡ്, അബുദാബി
ശക്തി അവാര്ഡ്, മാതൃഭൂമി
അവാര്ഡ്
തുടങ്ങി നിരവധി
പുരസ്കാരങ്ങള് ലഭിച്ച അദ്ദേഹം നാഷണല്‍ ബുക്ക്ട്രസ്റ്റ്
ചെയര്മാനായും
പ്രവര്ത്തിച്ചു.
അനര്ഹര്ക്കും പത്മ
പുരസ്കാരം നല്കുന്നത് ചോദ്യംചെയ്ത അഴീക്കോട്
പത്മശ്രീ ബഹുമതി ഉപേക്ഷിച്ചു. ചെറുപ്പംമുതല്‍ അഴീക്കോടിന്റെ രാഷ്ട്രീയാഭിമുഖ്യം
കോണ്ഗ്രസിനോടായിരുന്നുവെങ്കിലും
ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനോട് വിടചൊല്ലി
ഇടതുപക്ഷ സഹയാത്രികനായി.