MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

ആവേശക്കടലായി എം.എസ്.പി


 തൂവെള്ളക്കുപ്പായത്തില്‍ സഫീറും കൂട്ടുകാരും കിക്കോഫിനായി മൈതാനമധ്യത്തിലേക്കെത്തുമ്പോള്‍ ആരവങ്ങളില്‍ മുങ്ങിനില്‍ക്കുകയായിരുന്നു മലപ്പുറം എം.എസ്.പി സ്‌കൂള്‍. പ്രിയപ്പെട്ട കൂട്ടുകാരുടെ ഓരോ നീക്കത്തിലും പ്രോല്‍സാഹനമായി നിറഞ്ഞ കൈയടികള്‍...ഫ്‌ളാഷ് ലൈറ്റുകളുടെ വെളിച്ചത്തില്‍ ക്യാമറക്ക്

മുന്നില്‍ അഭിപ്രായങ്ങള്‍ പറയാന്‍ തിക്കിത്തിരക്കി അധ്യാപകരും വിദ്യാര്‍ത്ഥികളും...കുട്ടിക്കൂട്ടത്തിന്റെ കളി കാണാന്‍ ജോലിത്തിരക്കുകള്‍ക്കിടയില്‍ അല്‍പനേരം കണ്ടെത്തി കമാണ്ടന്റും ഉദ്യോഗസ്ഥരും....ആവേശത്തിന്റെ അലകടല്‍ പോലെ ആര്‍ത്തിരമ്പിയാണ് തിങ്കളാഴ്ച എം.എസ്.പി സ്‌കൂള്‍ സുബ്രതോ കപ്പ് ഫുട്‌ബോളിന്റെ ഫൈനലിനെ വരവേറ്റത്. 

സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായാണ് ഫൈനല്‍ കമ്മ്യൂണിറ്റി ഹാളില്‍ ബിഗ് സ്‌ക്രീനില്‍ മത്സരം പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ കളി കാണാന്‍ ഹൈസ്‌കൂളിലെയും യു.പിയിലെയും കുട്ടികള്‍ ഒഴുകിയെത്തിയതോടെ ഹാള്‍ നിറഞ്ഞു കവിഞ്ഞു. സൂചി കുത്താനിടമില്ലാത്ത വിധം ഹാള്‍ നിറഞ്ഞതോടെ ഹാളിന് പുറത്തും മത്സരം പ്രദര്‍ശിപ്പിക്കാന്‍ എം.എസ്.പി അധികൃതര്‍ നിര്‍ബന്ധിതരായി. എം.എസ്.പി താരങ്ങളുടെ കാലില്‍ പന്തെത്തുമ്പോഴൊക്കെ കമ്മ്യൂണിറ്റി ഹാള്‍ അംബേദ്കര്‍ സ്റ്റേഡിയം പോലെ ആരവങ്ങളാല്‍ നിറഞ്ഞു. ഒടുവില്‍ യുക്രൈന്‍ ഗോളിയെ കീഴ്‌പ്പെടുത്തി സാബിത്ത് എം.എസ്.പിയുടെ അഭിമാന ഗോള്‍ നേടിയതോടെ കുട്ടികളുടെ ആഘോഷം പാരമ്യത്തിലായി.

കരുത്തരായ എതിരാളികള്‍ക്ക് മുന്നില്‍ ടീമിന് അടിയറവ് പറയേണ്ടിവന്നെങ്കിലും അതൊന്നും എം.എസ്.പിയുടെ ആഘോഷത്തിനെ ബാധിച്ചില്ല. ചാനലുകാര്‍ക്ക് അഭിമുഖം നല്‍കിയും പല സംഘങ്ങളായി ആഹ്ലാദപ്രകടനങ്ങള്‍ നടത്തിയും കുട്ടികള്‍ ഫൈനല്‍ ആഘോഷിച്ചുകൊണ്ടിരുന്നു. ''ഞങ്ങളുടെ ടീം തോറ്റിട്ടില്ല. ഇന്ത്യയിലെ ടീമുകളെയെല്ലാം തോല്‍പ്പിച്ചാണ് എം.എസ്.പി ഫൈനല്‍ വരെയെത്തിയത്. ഡൈനാമോ കീവ് പോലെയുള്ള അന്താരാഷ്ട്ര ക്ലബ്ബിലെ കുട്ടികളോട് മത്സരിക്കാന്‍ അവസരം കിട്ടിയതുതന്നെ ഭാഗ്യമാണ്. ലോകോത്തര ടീമിനെതിരെ രണ്ടു ഗോളുകള്‍ നേടാനായത് വലിയ കാര്യമല്ലേ..'' ആരവങ്ങള്‍ക്കിടയില്‍ നിന്ന് എം.എസ്.പിയിലെ കുട്ടികള്‍ ചോദിച്ചു.

സുബ്രതോ കപ്പ് ഫുട്‌ബോളിലെ എം.എസ്.പിയുടെ ഫൈനല്‍ പ്രവേശം തന്നെ ചരിത്രനേട്ടമായി ആഘോഷിക്കുകയാണെന്നാണ് കമാണ്ടന്റ് യു.ഷറഫലി പറഞ്ഞത്. ''അപ്രതീക്ഷിതമായാണ് നമ്മുടെ പോസ്റ്റില്‍ പന്തെത്തിയത്. ഗോള്‍ വീണതോടെ അറ്റാക്കിങ്ങ് ശക്തിപ്പെടുത്തിയപ്പോഴാണ് കൂടുതല്‍ ഗോളുകള്‍ വീണത്. ഡൈനാമോ കീവ് പോലുള്ള അന്താരാഷ്ട്ര ടീമിന്റെ പോസ്റ്റില്‍ രണ്ടു തവണ പന്തെത്തിക്കാന്‍ കഴിഞ്ഞതു തന്നെ വലിയ നേട്ടമാണ്. വിജയതുല്യമായ രണ്ടാംസ്ഥാനമാണ് എം.എസ്.പി നേടിയിരിക്കുന്നത്'' ഷറഫലി പറഞ്ഞു.