ന്യൂഡല്‍ഹി: സുബ്രതോ കപ്പ് ഫൈനലില്‍ (അണ്ടര്‍ 17) പൊരുതിക്കളിച്ചെങ്കിലും കേരളാ ടീമിന് വിജയം കൈപ്പിടിയിലൊതുക്കാനായില്ല. കായികശേഷിയിലും സാങ്കേതികമികവിലും ഏറെ മുന്നിട്ടുനിന്ന യുക്രൈനില്‍നിന്നുള്ള ഡൈനാമോ കീവ് ജൂനിയര്‍ ടീം ഫൈനലില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളത്തില്‍ നിന്നുള്ള മലപ്പുറം എം.എസ്.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ പരാജയപ്പെടുത്തിയത്. കളിയുടെ
സര്‍വമേഖലകളിലും ആധിപത്യം പുലര്‍ത്തിയ ഡൈനാമോ കിവ്, തുടക്കംമുതല്‍ കേരളത്തിന്റെ ഗോള്‍പോസ്റ്റിലേക്ക് നിറയൊഴിച്ചു. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും മികച്ച താരവുമായി മാറിയ സ്‌ട്രൈക്കര്‍ ദിമിത്രോ സായികിന്റെ ബൂട്ടുകളില്‍ നിന്ന് നാല് ഗോളുകളാണ് വീണത്. കേരളത്തിനുവേണ്ടി മുന്നേറ്റതാ
രം മുഹമ്മദ് സാബിത്ത് രണ്ട് ഗോളുകളടിച്ചു. മിന്നുന്ന രക്ഷപ്പെടുത്തലുകളിലൂടെ യുക്രൈനിന്റെ ആക്രമണങ്ങളെ ഒരുപരിധിവരെ ചെറുത്തുനിന്ന എം.എസ്.പി. ക്യാപ്റ്റന്‍ കൂടിയായ വി.കെ. വിഷ്ണു ടൂര്‍ണമെന്റിലെ മികച്ച ഗോളിയായി.
കഴിഞ്ഞ ആറ് കളികളില്‍ 29 ഗോളുകളടിച്ച യുക്രൈന്‍ ടീം ഫൈനലിലും യൂറോപ്യന്‍ ഫുട്‌ബോളിന്റെ തനിമയാര്‍ന്ന വേഗവും നിയന്ത്രണവും കാഴ്ചവെച്ചു. ടൂര്‍ണമെന്റിലാദ്യമായി അവരുടെ പ്രതിരോധത്തെ കീറിമുറിച്ച് രണ്ട് ഗോളുകള്‍ നേടാനായി എന്നത് എം.എസ്.പി.യുടെ പോരാട്ടവീര്യത്തിന് തെളിവായി.
ഡല്‍ഹിയിലെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞ ഗാലറിക്ക് മുന്നില്‍ നടന്ന ഫൈനലിന്റെ ആദ്യ പകുതിയില്‍ത്തന്നെ ഡൈനാമോ കീവ്, നാല് ഗോളുകള്‍ നേടി. രണ്ടാം പകുതിയുടെ ആറാം മിനിറ്റിലായിരുന്നു അവരുടെ അഞ്ചാം ഗോള്‍. കേരളം രണ്ട് പകുതികളിലുമായി ഓരോ ഗോളുകള്‍ വീതം നേടി. അസൂയാവഹമായ പന്തടക്കവും അതിവേഗ മുന്നേറ്റവും കണിശമായ പാസ്സുകളുമാണ് യുക്രൈന്‍ ടീമിന്റെ പ്രഹരശേഷിക്ക് ആധാരം. പ്രതിരോധത്തേക്കാള്‍ ആക്രമണത്തിനാണ് അവര്‍ മുന്‍തൂക്കം നല്‍കിയത്. പത്താം മിനിറ്റില്‍ സായിക്കിലൂടെ സ്‌കോറിങ് തുടങ്ങിവെച്ച ഡൈനാമോ, 13-ാം മിനിറ്റില്‍ ലീഡ് വീണ്ടുമുയര്‍ത്തി. ഇക്കുറിയും സായിക്കായിരുന്നു സ്‌കോറര്‍. എന്നാല്‍, രണ്ടുമിനിറ്റിനുശേഷം ഗോള്‍ തിരിച്ചടിച്ച് എം.എസ്.പി. എതിരാളികളെ ഞെട്ടിച്ചു. മൈതാനത്തിന്റെ മധ്യഭാഗത്തുകൂടി മുന്നേറി മിഡ്ഫീല്‍ഡര്‍ സല്‍മാന്‍ നല്‍കിയ പാസ്സ് കാലിലൊതുക്കിയ മുഹമ്മദ് സാബിത്ത് മൂന്ന് പ്രതിരോധതാരങ്ങളെ വെട്ടിച്ചൊഴിവാക്കിയാണ് ആദ്യഗോള്‍ നേടിയത്. എന്നാല്‍, ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍കൂടി യുക്രൈന്‍ തിരിച്ചടിച്ചു.
റോസ്റ്റിസ്ലാവ് താരനുഖയാണ് മൂന്നാം ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ത്തന്നെ ഹാട്രിക് തികച്ച സായിക്കിന്‍, രണ്ടാം പകുതിയില്‍ മത്സരത്തില്‍ തന്റെ നാലാം ഗോളും നേടി. ടൂര്‍ണമെന്റിലാകെ 13 ഗോളുകളാണ് ഈ യുക്രൈന്‍ ദേശീയ ജൂനിയര്‍ താരം നേടിയത്. ഫൈനലിലെ രണ്ട് ഗോളുകളുള്‍പ്പെടെ മലപ്പുറം തൃപ്പനച്ചി സ്വദേശിയായ മുഹമ്മദ് സാബിത്ത് ടൂര്‍ണമെന്റില്‍ അഞ്ച് ഗോളുകള്‍ നേടി.
കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കോച്ച് ബിനോയ് സി. ജെയിംസിന്റെയും അസിസ്റ്റന്റ് കോച്ചുമാരായ എ. സന്തോഷ്, യു. സുഹൈബ് എന്നിവരുടെയും മികവുറ്റ പരിശീലനത്തിലാണ് എം.എസ്.പി. സ്‌കൂള്‍ ടീമിന് ദേശീയ ശ്രദ്ധയാകര്‍ഷിച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞത്.
കിരീടം ചൂടിയ യുക്രൈന്‍ ടീമിന് മൂന്ന് ലക്ഷവും കേരളാ ടീമിന് ഒന്നര ലക്ഷം രൂപയും സമ്മാനിച്ചു. ഇരു ടീമുകളിലെയും അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും സാംസങ് ഗാലക്‌സി മൊബൈല്‍ ഫോണുകളും സമ്മാനിച്ചു. ഭാവിതാരമെന്ന നിലയില്‍ കേരളത്തിന്റെ അര്‍ജുന്‍ ജയരാജ് ഉള്‍പ്പെടെ 20 താരങ്ങള്‍ക്ക് 20,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കി.