MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

ചരിത്രംകുറിച്ച് എം.എസ്.പി.


മണിപ്പുരിനെ ഷൂട്ടൗട്ടില്‍ കീഴടക്കി മലപ്പുറത്തുനിന്നുള്ള എം.എസ്.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുബ്രതോ കപ്പ് സ്‌കൂള്‍ ഫുട്‌ബോളിന്റെ (അണ്ടര്‍ -17) ഫൈനലില്‍ കടന്നു. നിശ്ചിത സമയത്ത് 1-1 എന്ന നിലയില്‍ സമനില പാലിച്ച മത്സരത്തില്‍ മണിപ്പുരില്‍നിന്നുള്ള ലിറ്റില്‍ എയ്ഞ്ചല്‍ പാരഡൈസ് ഇംഗ്ലീഷ് സ്‌കൂളിനെ ഷൂട്ടൗട്ടില്‍ 3-1നാണ് എം.എസ്.പി. തോല്പിച്ചത്. സ്‌കൂള്‍ തലത്തിലുള്ള ടൂര്‍ണമെന്റില്‍
ആദ്യമായാണ് കേരളത്തില്‍നിന്നുള്ള ടീം ഫൈനലിലെത്തുന്നത്. 

കളിയില്‍ കൂടുതല്‍ സാങ്കേതിക മികവ് മണിപ്പുര്‍ സ്‌കൂളിനായിരുന്നെങ്കിലും പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ അവര്‍ അമ്പേ പരാജയപ്പെട്ടു. എന്നാല്‍, കളിക്കളത്തില്‍ കാഴ്ചവെച്ച പോരാട്ടവീര്യവും നിശ്ചയദാര്‍ഢ്യവും ഷൂട്ടൗട്ടിലും ആവര്‍ത്തിച്ച എം.എസ്.പി. അനായാസം മത്സരം സ്വന്തമാക്കി. മണിപ്പുര്‍ ടീമിന്റെ ആദ്യ രണ്ട് കിക്കുകളും പാഴായതോടെ എം.എസ്.പി. വിജയമുറപ്പിച്ചിരുന്നു. മണിപ്പുരിന്റെ നാല് കിക്കുകളില്‍ മൂന്നും പാഴായതോടെ, തുടരെ മൂന്നു ഷോട്ടുകള്‍ ലക്ഷ്യത്തിലെത്തിച്ച എം.എസ്.പി.യുടെ മിടുക്കന്മാര്‍ ഫൈനലിലേക്ക് കുതിച്ചു. ഷൂട്ടൗട്ടില്‍, അര്‍ജുന്‍ ജയരാജ്, മുഹമ്മദ് സഫീര്‍,പി. സുഫൈദലി എന്നിവരാണ് എം.എസ്.പി.ക്കായി ഗോള്‍ നേടിയത്. 


കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ മണിപ്പുര്‍ മുന്നിലെത്തി. പ്രികാന്തയുടെ വകയായിരുന്നു ഗോള്‍. പത്തൊമ്പതാം മിനിറ്റില്‍ കെ. സല്‍മാനിലൂടെ എം.എസ്.പി. ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. മണിപ്പുരിന്റെ പ്രതിരോധനിരയെ കബളിപ്പിച്ച് ഇടതുവിങ്ങിലൂടെ മുന്നേറിയാണ് സല്‍മാന്‍ വലകുലുക്കിയത്. എന്നാല്‍, ആദ്യ പകുതിയില്‍ കിട്ടിയ മൂന്ന് സുവര്‍ണാവസരങ്ങളും എം.എസ്.പി. കളഞ്ഞുകുളിച്ചതാണ് മത്സരത്തെ ഷൂട്ടൗട്ടിലേക്ക് നയിച്ചത്. ക്യാപ്റ്റനും ഗോളിയുമായ വി.കെ. വിഷ്ണുവിന്റെ തകര്‍പ്പന്‍ പ്രകടനം കേരളത്തെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചു. മണിപ്പുരിന്റെ നാല് ഗോള്‍ ശ്രമങ്ങളാണ് വിഷ്ണു തട്ടിയകറ്റിയത്. ആദ്യ പകുതിയില്‍ ചടുലനീക്കങ്ങള്‍ നടത്തിയ എം.എസ്.പി.ക്ക് രണ്ടാം പകുതിയില്‍ ഗോളവസരങ്ങള്‍ തുറക്കാനായില്ല. 

ലീഗ് മത്സരങ്ങളില്‍ ബിഹാര്‍, ഡല്‍ഹി, ബംഗ്ലാദേശ് ടീമുകളെയും ക്വര്‍ട്ടറില്‍ മിസോറമിനെയുമാണ് കേരളം തോല്‍പ്പിച്ചത്. നാല് കളികളില്‍ തിരൂര്‍ സ്വദേശിയായ കെ. സല്‍മാന്‍ മൂന്ന് ഗോളുകള്‍ നേടി. ബിനോയ് സി. ജെയിംസാണ് കേരളാടീമിന്റെ കോച്ച്. എ. സന്തോഷ്, യു. സുഹൈബ് എന്നിവര്‍ അസിസ്റ്റന്റ് കോച്ചുമാരാണ്. 
മറ്റു ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ സുബ്രതോ പാര്‍ക്ക് എയര്‍ ഫോഴ്‌സ് സ്‌കൂള്‍, തമിഴ്‌നാട് സ്‌പോര്‍ട്‌സ് ഹോസ്റ്റലിനെയും യുക്രൈന്‍ ടീമായ എഫ്.സി. ഡൈനാമോ കീവും അഫ്ഗാനിസ്താനില്‍നിന്നുള്ള സ്റ്റെക്‌ലാല്‍ ഹൈസ്‌കൂളും തമ്മിലാണ് മറ്റ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍. ഇതിലെ വിജയികള്‍ തമ്മിലുള്ള സെമിഫൈനല്‍ ശനിയാഴ്ചയാണ്. ഒക്ടോബര്‍ ഒന്നിന് ഫൈനലും